മണ്ണാർക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളയും കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയും സംയുക്തമായി നടപ്പിലാക്കുന്ന സ്ട്രീം എക്കോസിസ്റ്റം പദ്ധതിയുടെ ബ്ലോക്ക്തല അവതരണം നടന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളിൽ ഗവേഷണ താത്പര്യവും ശാസ്ത്രീയ അവബോധവും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതു ശങ്കർ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷീന അധ്യക്ഷയായി. എസ്എസ്കെ ജില്ല പ്രോഗ്രാം ഓഫിസർ പി.എസ്. ഷാജി പദ്ധതി വിശദീകരണം നടത്തി. വിദ്യാർഥികൾ തയാറാക്കിയ ഗവേഷണാധിഷ്ഠിത പ്രൊജക്ടുകളും ബ്രോഷറും പ്രകാശനം ചെയ്തു. 11 സ്കൂളുകളിൽ നിന്നായി 61 വിദ്യാർഥികളും 11 അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.